Jan 21, 2019

Other Indian Festivals Like Onam

ഹോളി
ഉത്തരേന്ത്യയിലെ ഒരു ആഘോഷമാണ് ഹോളി. ശകവർഷത്തിലെ ഭാൽഗുന മാസത്തിലെ പൗർണമി നാളിലാണ് ഈ ആഘോഷം. വർണ്ണപ്പൊടികൾ പരസ്പരം ശരീരത്തിലേക്ക് വിതറുക, ചായങ്ങൾ കലക്കിയ വെള്ളം ശരീരത്തിലേക്ക് തളിക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പ്രഹ്ലാദന്റെ സംസ്കാര സ്മരണ പുതുക്കി വിശ്വാസികൾ ഹോളിക്ക്‌ അഗ്നികുണ്ടങ്ങൾ ഒരുക്കുന്നു. പ്രഹ്ലാദൻ അഗ്നിയിൽ നിന്നും രക്ഷപ്പെടുകയും ഹോളിക എന്ന രാക്ഷസി ചാരം ആവുകയും ചെയ്തു എന്നതാണ് ഐതിഹ്യം
ദസറ
അശ്വിനി മാസത്തിലെ വിജയദശമി ദിവസമാണ് ദസറ ആഘോഷിക്കുന്നത്. നന്മയ്ക്ക് തിന്മയുടെ മേലുള്ള വിജയമാണ് ദസറയുടെ സങ്കല്പം. ദേവി നടത്തിയ മഹിഷാസുര വധം, രാവണനിൽ നിന്ന് സീതയെ വീണ്ടെടു ക്കൽ എന്നിവ ദസറയുടെ ഇതിവൃത്തങ്ങളിൽ പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ ദസറ കൊണ്ടാടുന്നുണ്ട്. മൈസൂരിലെ ദസറ പ്രസിദ്ധമാണ്. പടക്കങ്ങൾ നിറച്ച് രാവണ കോലങ്ങൾ പൊട്ടിക്കുന്നതും ദസറയുടെ ഭാഗമാണ്.
ജന്മാഷ്ടമി
ദശാവതാരങ്ങളിൽ  ശ്രീകൃഷ്ണൻറെ ജന്മദിനമാണിത്. ശ്രീകൃഷ്ണ മാഹാത്മ്യ വർണ്ണനകളും കൃഷ്ണലീല ഒരുക്കിയും ഇന്ത്യയിലെല്ലായിടത്തും ജന്മാഷ്ടമി കൊണ്ടാടുന്നു. വ്രതാനുഷ്ഠാനം, വെണ്ണ, പാൽ, എന്നിവയിൽ ഒരുക്കിയ മധുരപലഹാര വിതരണം എന്നിവ പ്രസിദ്ധമാണ്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജയന്തി വളരെ വിപുലമായി ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേരുന്ന അഷ്ടമിരോഹിണി ആണ് നമുക്ക് ശ്രീകൃഷ്ണജയന്തി
രാമനവമി
ശ്രീരാമ ജയന്തി എന്നും ഇത് അറിയപ്പെടുന്നു. ചൈത്രമാസത്തിലെ ശുക്ലപക്ഷ നവമി യിലാണ് ആഘോഷം. മധ്യാഹ്നത്തിൽ ആണ് രാമ ജനനം എന്ന വിശ്വാസത്തിൽ സൂര്യ ദേവാരാധന ഈ ആഘോഷത്തിൽ പ്രധാനമാണ്. ശ്രീരാമന്റെയും രാമായണത്തിലെ മറ്റ് കഥ അംഗങ്ങളുടെയും വേഷം ധരിച്ച രഥയാത്ര നടത്തുന്നത് രാമനവമി ആഘോഷത്തിന്റെ ഭാഗമാണ്.
ഗണേശ ചതുർഥി
ഹൈന്ദവ വിഭാഗത്തോടൊപ്പം ജൈന ബുദ്ധ വിഭാഗങ്ങളും ഗണേശ ചതുർഥി കൊണ്ടാടുന്നു. ശകവർഷത്തിലെ ദാദ്ര പദ മാസത്തിലാണ് ഗണേശ ചതുർത്ഥി എത്തുന്നത്. എല്ലാ വിഘ്നങ്ങളും നീക്കുന്ന വിഘ്നേശ്വരനെ ബുദ്ധിയുടെ കൂടി ദേവനായി ആരാധിക്കുന്നു. ഗണേശ ചതുർത്ഥി യുടെ പത്താം നാൾ ഗണപതിയുടെ രൂപം ആഴി നിഗ്രഹം നടത്തുന്നു.
നവരാത്രി
ഇന്ത്യയിലെമ്പാടും ഉള്ള ഒരു ആഘോഷമാണിത്. അശ്വിനി മാസത്തിലെ ശുക്ലപക്ഷ പ്രഥമ ദിവസം നവരാത്രി ആരംഭിക്കും. ഒൻപതു ദിവസത്തെ ദുർഗ്ഗാ പൂജ പ്രധാനമാണ്. സിംഹത്തിന്റെ പുറത്തേറി ദുർഗ്ഗാ ദേവി ബ്രഹ്മാ് വിഷ്ണു മഹേശ്വരരുടെ അനുഗ്രഹത്തോടെ തന്റെ ത്രിശൂലം കൊണ്ട് മഹിഷാസുരനെ വധിച്ചതാണ് ഈ ആഘോഷ പുരാണം. പുസ്തക, ആയുധ പൂജ, വിദ്യാരംഭം എന്നിവ മഹാനവമി, വിജയദശമി എന്നിവയോടനുബന്ധിച്ച് നടത്തുന്നു.
പൊങ്കൽ
മകരക്കൊയ്തിനോദനുബന്ധിച്ചാണ് പൊങ്കൽ എത്തുന്നത്. തമിഴ്നാട്ടിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും പൊങ്കൽ പ്രധാനമാണ്. കോലം വരയ്കലും പായസം വയ്ക്കലും തോരണലങ്കരങ്ങളുമെല്ലാം പൊങ്കലിന്റെ
ആഘോഷ ചടങ്ങുകൾ ആണ്. ആദ്യ ദിനം പൊങ്കൽ എന്നും രണ്ടാം ദിനം സൂര്യപ്പൊങ്കൽ എന്നും മൂന്നാം ദിനം മാട്ടുപ്പൊങ്കൽ എന്നും നാലാം ദിനം കാണും പൊങ്കൽ എന്നും അറിയപ്പെടുന്നു.
ബിഹു
അസമിലാണ്ബിഹു ആഘോഷം ദേശീയോത്സവമായി കൊണ്ടാടുന്നത്. മലയാളികളുടെ വിഷുവിന് സമാനമാണ് ബിഹു. അസമിൽ വർഷത്തിൽ മൂന്നുതവണ ബിഹു കൊണ്ടാടുന്നു. പുതുവർഷത്തോടനുബന്ധിച്ച് റൊങ്കാലി ബിഹു, വിളവെടുപ്പിനോടനുബന്ധിച്ച് മാഘ് ബിഹു, വസന്ത ഉത്സവത്തിനോടനുബന്ധിച്ചു കൊങ്കാലി ബിഹു എന്നിവയാണിവ.
ശിവരാത്രി
ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും പാലാഴിമഥനത്തിൽ ശിവൻ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ സ്വയം പാനം ചെയ്തതിൻറെ സ്മരണയാണ് ശിവരാത്രിക്ക് പ്രധാനം. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി നാളിലാണ് ശിവരാത്രി എത്തുന്നത്. രാജ്യവ്യാപകമായി ശിവരാത്രി ആഘോഷിക്കുന്നു ശിവരാത്രി ആഘോഷിക്കുന്നു. ശിവരാത്രി വൃതം വിശ്വാസികൾക്ക് പ്രധാന ചടങ്ങാണ്.
ദീപാവലി
ദീപങ്ങളുടെ ഉത്സവമായ ദീപാവലി എത്തുന്നത് അശ്വിനി മാസത്തിലാണ്. ഇന്ത്യയിലെ നാനാഭാഗങ്ങളിലും ദീപാവലി ഉണ്ട്. വനവാസ അനന്തരം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതും നരകാസുര നിഗ്രഹവും എല്ലാം ദീപാവലി വിശ്വാസങ്ങളിൽ ഉൾപ്പെടുന്നു. പൂത്തിരി കത്തിക്കൽ, പടക്കം പൊട്ടിക്കൽ, മധുരപലഹാര വിതരണം, പുതു വസ്ത്രധാരണം എന്നിവയെല്ലാം ദീപാവലി ആഘോഷങ്ങളുടെ ഭാഗമാണ്. ലക്ഷ്മീദേവിയെ പൂജിക്കുന്ന ചടങ്ങും ചിലയിടങ്ങളിൽ ഇതോടനുബന്ധിച്ച് ഉണ്ട്.

No comments: