Jan 24, 2019

Malayalam Explanation / Description for English Proverbs

The grass is always greener on the other side of the hill. സ്വന്തം കഴിവിൽ വിശ്വസിക്കുക. നമുക്കോരോരുത്തർക്കും നമ്മുടേതായ ഒട്ടേറെ കഴിവുകളുണ്ട്. അവ കാണാതെ മറ്റുള്ളവ തേടിപ്പോകുന്നത് പരാജയം വിളിച്ചുവരുത്തും. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് തോന്നും. അക്കരപ്പച്ച തേടിപ്പോകുന്നത് നല്ലതല്ലെന്ന് അറിയുക. ജീവിതത്തിൽ വിജയിക്കാനുള്ള എല്ലാകാര്യങ്ങളും നൽകിയാണ് ദൈവം നമ്മെ ഈ ലോകത്തേക്ക് അയച്ചിരിക്കുന്നത്. അവനവനിലേക്ക് നോക്കാതെ ചുറ്റുപാടും എന്തോ തിരയുന്ന മനുഷ്യനെ വേപഥുവല്ലാതെ എന്താണ് ലഭിക്കുക?
The pen is mightier than the sword
അക്ഷരങ്ങൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ട് എന്ന് സൂചിപ്പിക്കുന്ന പഴമൊഴി. ക്ഷരം ഇല്ലാത്തതാണ് അക്ഷരം. ക്ഷരം എന്നാൽ നാശം. തൂലിക പടവാളാക്കിയ കവികളെ കുറിച്ച് പഠിച്ചിട്ടുണ്ടല്ലോ. സമൂഹത്തിലെ അസമത്വങ്ങളും ജാതി വർഗ്ഗ വർണ്ണ ഭേദങ്ങളും ഇല്ലായ്മചെയ്യാൻ സഹായിച്ചത് അക്ഷരങ്ങൾകൊണ്ട് തീർത്ത സാഹിത്യരൂപങ്ങൾ ആയിരുന്നു. വാക്കുകൾകൊണ്ട് ഏൽക്കുന്ന മുറിവ് വാളു കൊണ്ട് സംഭവിക്കുന്ന മുറിവിനെക്കാൾ ഭീകരമാണെന്നു ഓർക്കുക. ആവനാഴിയിൽ നിന്നും തൊടുത്ത അമ്പും ചിന്തയില്ലാതെ പറയുന്ന വാക്കുകളും തിരിച്ചെടുക്കാൻ കഴിയില്ല. വാക്കുകൾ അഗ്നിയാണ്. അതിനെ സൂക്ഷിച്ച് ഉപയോഗിക്കാം.
When in Rome, do as the Romans
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണമെന്ന് പഴമൊഴി. സമൂഹത്തിൽ ജീവിക്കണമെങ്കിൽ വിട്ടുവീഴ്ചകൾ വേണമെന്നാണ് സാരം. നാം എവിടെ ആയിരിക്കുന്നുവോ അതിനനുസരിച്ച് ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നമുക്ക് കഴിയണം. അതിനുള്ള ആർജ്ജവം നമുക്കുണ്ടാകണം. ഏതു വ്യക്തിയേയും പ്രസ്ഥാനത്തെയും തത്വ സംഹിതകളെയും അവയുടേതായ പ്രാധാന്യത്തിൽ ഉൾക്കൊള്ളാൻ കഴിയുമ്പോൾ മത്സരങ്ങൾ അവസാനിക്കുന്നു. വെറുപ്പ് നീങ്ങുന്നു. സമരസപ്പെട്ടു പോകാനുള്ള മനോഭാവം കൈവരുന്നു.
A picture is worth a Thousand Words
നൂറു വാക്കുകൾക്കു പകരം വയ്ക്കാൻ ഒരു ചിത്രത്തിന് കഴിയുമെന്ന് അർത്ഥം. വാക്കുകൾകൊണ്ട് വരയ്ക്കുന്ന ചിത്രമായ കാർട്ടൂണുകൾ ഉദാഹരണം. വരകൾ പലപ്പോഴും നമ്മിൽ ചിരിയും കൗതുകവും ഉണർത്താറുണ്ട്. ഒരു മണിക്കൂർ പ്രസംഗിക്കുന്നതിലും ഭംഗിയായി വികാരങ്ങളെയും ആശയങ്ങളെയും നമ്മിലേക്ക് എത്തിക്കുവാൻ ഒരു ചെറു ചിത്രത്തിലൂടെ സാധിക്കും.
Many heads many minds
പലർ ചേർന്നാൽ അഭിപ്രായം പലവിധം എന്നു സാരം. ഏതെങ്കിലും ഒരു കാര്യത്തിൽ ഗൗരവമായ തീരുമാനം എടുക്കേണ്ടി വരുമ്പോൾ നാം ഇങ്ങനെ പ്രയോഗിക്കാറുണ്ട്. പലരു കൂടിയാൽ പാമ്പ് ചാകില്ല എന്നതും ഓർക്കുക. ഓരോ കാര്യങ്ങൾക്കും വേണ്ട പ്രാധാന്യം മാത്രം നൽകുകയാണ് ഉചിതം.
Beauty is in the eye of the beholder
കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യമെന്നത് ഏറെ അർത്ഥവത്താണ്. സൗന്ദര്യമില്ലാത്തതായി ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെയില്ല. നാം ഓരോരോ കാര്യങ്ങളേയും നോക്കിക്കാണുന്ന രീതിയാണ് ഏറെ പ്രധാനം. പ്രകൃതിയിലെ സൗന്ദര്യവും വൈരൂപ്യവും നമ്മുടെ മനോഭാവത്തെയും കാഴ്ചപ്പാടിനെയും ആശ്രയിച്ചിരിക്കുന്നു എന്നു സാരം.
To be the good in the world appears good
നിങ്ങൾ നന്നെങ്കിൽ ഈ ലോകവും നന്ന് എന്നു സൂചന. നാം എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ പ്രഗത്ഭരാണ്. ഈ കുഞ്ഞി ലോകം നന്നാവാൻ കുഞ്ഞുണ്ണിമാഷ് നമ്മെ പഠിപ്പിച്ച ഒരു വലിയ തത്വമുണ്ട്. എന്താണെന്നല്ലേ? ഈ വലിയലോകം നന്നാവാൻ ഒരു ചെറിയ ചൂല് മനസ്സിൽ സൂക്ഷിക്കാനാണ് അദ്ദേഹം പറഞ്ഞത്. ആദ്യം നാം നന്നാവുക. പിന്നീട് മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുക. ഈ ലോകം മുഴുവൻ പൂമെത്ത വിരിക്കുന്നതിലുംഎത്രയോ ഭേദമാണ് നാം സ്വയം ഒരു ചെരിപ്പ് കാലിൽ അണിയുന്നത് എന്ന് പറഞ്ഞ ഗാന്ധിജിയെ നമുക്ക് ഓർമ്മിക്കാം. അവനവൻറെ കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുക എന്നും നാം കേട്ടിട്ടുണ്ടാവും
Quick believers need broad Shoulders
പെട്ടെന്ന് വിശ്വസിക്കുന്നവർ കബളിപ്പിക്കപ്പെടാം എന്നാണ് ഇതിൻറെ ധ്വനി. വിശ്വാസം ക്ഷമയുടെ കൂടപ്പിറപ്പ് ആകുന്നതാണ് ഉത്തമം. നമുക്ക് കിട്ടിയിരിക്കുന്ന സുഹൃത്തുക്കളെ ചിര പരിചയത്തിലൂടെ മനസ്സിലാക്കിയ ശേഷം വിശ്വസിക്കുക. വിശ്വസിക്കുവാൻ കഴിയുമെന്ന് പൂർണ്ണ ബോധ്യം വന്നുകഴിഞ്ഞാൽ അനാവശ്യ സംശയങ്ങൾ ഒഴിവാക്കുക. വിശ്വാസം ഒരാളെ രക്ഷിക്കും എന്നല്ലേ പ്രമാണം. വിശ്വസിച്ച് കൂടെ നിന്നവനേ അകറ്റാ തിരിക്കുക. അഥവാ അകന്നു പോയാൽ പിന്നെ വിശ്വസിക്കാതിരിക്കുക എന്നു വിവക്ഷിതം.
It is no use building astles in the air
പ്രവൃത്തി ഇല്ലാതെ പ്രസംഗം മാത്രം ചെയ്യുന്നതിനോടുള്ള എതിർപ്പാണ് ഇവിടെ സൂചിതം. ആകാശക്കോട്ട കെട്ടിയിരിക്കുന്ന വർ വിഡ്ഢികളാണ്. മലർപ്പൊടി കാരൻറെ സ്വപ്നത്തെ കുറിച്ച് കൂട്ടുകാർ കേട്ടിട്ടില്ലേ? നമ്മളിൽ അർപ്പിച്ചിരിക്കുന്ന ജോലികൾ ഭംഗിയായി ചെയ്തു തീർക്കുന്നതിനാണ് നമ്മുടെ വിജയം. ഹൃദയത്തിലുള്ളതിനെ അധരത്തിൽ വരുത്തുന്നതോടൊപ്പം അതിനെ പ്രായോഗികമാക്കുവാനും ശ്രമിക്കുകയാണ് വേണ്ടത്. ചിന്തിച്ചു കാലം കളയാതെ പ്രവർത്തിച്ചു കാലങ്ങളെ സൃഷ്ടിക്കാൻ കഴിയട്ടെ.
Don't bite the hand that feeds you
പാലു തന്ന കൈക്ക് കടി അരുതെന്ന് പ്രമാണം. നന്ദിയില്ലാത്ത മനുഷ്യൻ നരകതുല്യൻ എന്നു പറയാറുണ്ട്. വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത വ്യക്തികൾ നമുക്ക് സഹായികളായി തീരാറുണ്ട്. അപ്രതീക്ഷിത സന്ദർഭങ്ങളിൽ നമുക്ക്  കിട്ടുന്ന സഹായം ഏറെ അമൂല്യമാണ്. അവരോട് നാം എപ്പോഴും നന്ദിയുള്ളവരായിരിക്കുക. നമ്മെ നാമാക്കി നിലനിർത്തുന്നതിൽ എത്രയോ വ്യക്തികൾക്ക് പങ്കുണ്ടെന്നത് മാത്രം ചിന്തിച്ചാൽ മതി. ദൈവം നമുക്ക് 86400 നിമിഷങ്ങൾ ഒരു
ദിവസത്തിൽ സമ്മാനമായി തന്നിരിക്കുന്നു. അതിൽ ഒരുനിമിഷം നാം നമുക്ക് ലഭിച്ച സന്തോഷങ്ങളിൽ, സഹായങ്ങളിൽ നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കുക. തനിച്ചിരുന്ന് പ്രാർത്ഥനയിലൂടെ നന്ദി പറയുക. പ്രാർത്ഥനയുടെ ചിറകിലേറി അത് എത്തേണ്ടിടത്ത് എത്തുമെന്ന് പറഞ്ഞ വിക്ടർ ഹ്യൂഗോയെ നമുക്ക് ശ്രദ്ധിക്കാം.

Jan 21, 2019

Other Indian Festivals Like Onam

ഹോളി
ഉത്തരേന്ത്യയിലെ ഒരു ആഘോഷമാണ് ഹോളി. ശകവർഷത്തിലെ ഭാൽഗുന മാസത്തിലെ പൗർണമി നാളിലാണ് ഈ ആഘോഷം. വർണ്ണപ്പൊടികൾ പരസ്പരം ശരീരത്തിലേക്ക് വിതറുക, ചായങ്ങൾ കലക്കിയ വെള്ളം ശരീരത്തിലേക്ക് തളിക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പ്രഹ്ലാദന്റെ സംസ്കാര സ്മരണ പുതുക്കി വിശ്വാസികൾ ഹോളിക്ക്‌ അഗ്നികുണ്ടങ്ങൾ ഒരുക്കുന്നു. പ്രഹ്ലാദൻ അഗ്നിയിൽ നിന്നും രക്ഷപ്പെടുകയും ഹോളിക എന്ന രാക്ഷസി ചാരം ആവുകയും ചെയ്തു എന്നതാണ് ഐതിഹ്യം
ദസറ
അശ്വിനി മാസത്തിലെ വിജയദശമി ദിവസമാണ് ദസറ ആഘോഷിക്കുന്നത്. നന്മയ്ക്ക് തിന്മയുടെ മേലുള്ള വിജയമാണ് ദസറയുടെ സങ്കല്പം. ദേവി നടത്തിയ മഹിഷാസുര വധം, രാവണനിൽ നിന്ന് സീതയെ വീണ്ടെടു ക്കൽ എന്നിവ ദസറയുടെ ഇതിവൃത്തങ്ങളിൽ പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ ദസറ കൊണ്ടാടുന്നുണ്ട്. മൈസൂരിലെ ദസറ പ്രസിദ്ധമാണ്. പടക്കങ്ങൾ നിറച്ച് രാവണ കോലങ്ങൾ പൊട്ടിക്കുന്നതും ദസറയുടെ ഭാഗമാണ്.
ജന്മാഷ്ടമി
ദശാവതാരങ്ങളിൽ  ശ്രീകൃഷ്ണൻറെ ജന്മദിനമാണിത്. ശ്രീകൃഷ്ണ മാഹാത്മ്യ വർണ്ണനകളും കൃഷ്ണലീല ഒരുക്കിയും ഇന്ത്യയിലെല്ലായിടത്തും ജന്മാഷ്ടമി കൊണ്ടാടുന്നു. വ്രതാനുഷ്ഠാനം, വെണ്ണ, പാൽ, എന്നിവയിൽ ഒരുക്കിയ മധുരപലഹാര വിതരണം എന്നിവ പ്രസിദ്ധമാണ്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജയന്തി വളരെ വിപുലമായി ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേരുന്ന അഷ്ടമിരോഹിണി ആണ് നമുക്ക് ശ്രീകൃഷ്ണജയന്തി
രാമനവമി
ശ്രീരാമ ജയന്തി എന്നും ഇത് അറിയപ്പെടുന്നു. ചൈത്രമാസത്തിലെ ശുക്ലപക്ഷ നവമി യിലാണ് ആഘോഷം. മധ്യാഹ്നത്തിൽ ആണ് രാമ ജനനം എന്ന വിശ്വാസത്തിൽ സൂര്യ ദേവാരാധന ഈ ആഘോഷത്തിൽ പ്രധാനമാണ്. ശ്രീരാമന്റെയും രാമായണത്തിലെ മറ്റ് കഥ അംഗങ്ങളുടെയും വേഷം ധരിച്ച രഥയാത്ര നടത്തുന്നത് രാമനവമി ആഘോഷത്തിന്റെ ഭാഗമാണ്.
ഗണേശ ചതുർഥി
ഹൈന്ദവ വിഭാഗത്തോടൊപ്പം ജൈന ബുദ്ധ വിഭാഗങ്ങളും ഗണേശ ചതുർഥി കൊണ്ടാടുന്നു. ശകവർഷത്തിലെ ദാദ്ര പദ മാസത്തിലാണ് ഗണേശ ചതുർത്ഥി എത്തുന്നത്. എല്ലാ വിഘ്നങ്ങളും നീക്കുന്ന വിഘ്നേശ്വരനെ ബുദ്ധിയുടെ കൂടി ദേവനായി ആരാധിക്കുന്നു. ഗണേശ ചതുർത്ഥി യുടെ പത്താം നാൾ ഗണപതിയുടെ രൂപം ആഴി നിഗ്രഹം നടത്തുന്നു.
നവരാത്രി
ഇന്ത്യയിലെമ്പാടും ഉള്ള ഒരു ആഘോഷമാണിത്. അശ്വിനി മാസത്തിലെ ശുക്ലപക്ഷ പ്രഥമ ദിവസം നവരാത്രി ആരംഭിക്കും. ഒൻപതു ദിവസത്തെ ദുർഗ്ഗാ പൂജ പ്രധാനമാണ്. സിംഹത്തിന്റെ പുറത്തേറി ദുർഗ്ഗാ ദേവി ബ്രഹ്മാ് വിഷ്ണു മഹേശ്വരരുടെ അനുഗ്രഹത്തോടെ തന്റെ ത്രിശൂലം കൊണ്ട് മഹിഷാസുരനെ വധിച്ചതാണ് ഈ ആഘോഷ പുരാണം. പുസ്തക, ആയുധ പൂജ, വിദ്യാരംഭം എന്നിവ മഹാനവമി, വിജയദശമി എന്നിവയോടനുബന്ധിച്ച് നടത്തുന്നു.
പൊങ്കൽ
മകരക്കൊയ്തിനോദനുബന്ധിച്ചാണ് പൊങ്കൽ എത്തുന്നത്. തമിഴ്നാട്ടിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും പൊങ്കൽ പ്രധാനമാണ്. കോലം വരയ്കലും പായസം വയ്ക്കലും തോരണലങ്കരങ്ങളുമെല്ലാം പൊങ്കലിന്റെ
ആഘോഷ ചടങ്ങുകൾ ആണ്. ആദ്യ ദിനം പൊങ്കൽ എന്നും രണ്ടാം ദിനം സൂര്യപ്പൊങ്കൽ എന്നും മൂന്നാം ദിനം മാട്ടുപ്പൊങ്കൽ എന്നും നാലാം ദിനം കാണും പൊങ്കൽ എന്നും അറിയപ്പെടുന്നു.
ബിഹു
അസമിലാണ്ബിഹു ആഘോഷം ദേശീയോത്സവമായി കൊണ്ടാടുന്നത്. മലയാളികളുടെ വിഷുവിന് സമാനമാണ് ബിഹു. അസമിൽ വർഷത്തിൽ മൂന്നുതവണ ബിഹു കൊണ്ടാടുന്നു. പുതുവർഷത്തോടനുബന്ധിച്ച് റൊങ്കാലി ബിഹു, വിളവെടുപ്പിനോടനുബന്ധിച്ച് മാഘ് ബിഹു, വസന്ത ഉത്സവത്തിനോടനുബന്ധിച്ചു കൊങ്കാലി ബിഹു എന്നിവയാണിവ.
ശിവരാത്രി
ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും പാലാഴിമഥനത്തിൽ ശിവൻ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ സ്വയം പാനം ചെയ്തതിൻറെ സ്മരണയാണ് ശിവരാത്രിക്ക് പ്രധാനം. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി നാളിലാണ് ശിവരാത്രി എത്തുന്നത്. രാജ്യവ്യാപകമായി ശിവരാത്രി ആഘോഷിക്കുന്നു ശിവരാത്രി ആഘോഷിക്കുന്നു. ശിവരാത്രി വൃതം വിശ്വാസികൾക്ക് പ്രധാന ചടങ്ങാണ്.
ദീപാവലി
ദീപങ്ങളുടെ ഉത്സവമായ ദീപാവലി എത്തുന്നത് അശ്വിനി മാസത്തിലാണ്. ഇന്ത്യയിലെ നാനാഭാഗങ്ങളിലും ദീപാവലി ഉണ്ട്. വനവാസ അനന്തരം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതും നരകാസുര നിഗ്രഹവും എല്ലാം ദീപാവലി വിശ്വാസങ്ങളിൽ ഉൾപ്പെടുന്നു. പൂത്തിരി കത്തിക്കൽ, പടക്കം പൊട്ടിക്കൽ, മധുരപലഹാര വിതരണം, പുതു വസ്ത്രധാരണം എന്നിവയെല്ലാം ദീപാവലി ആഘോഷങ്ങളുടെ ഭാഗമാണ്. ലക്ഷ്മീദേവിയെ പൂജിക്കുന്ന ചടങ്ങും ചിലയിടങ്ങളിൽ ഇതോടനുബന്ധിച്ച് ഉണ്ട്.

Old Malayalam Measurements

നാല് നാഴി - ഒരു ഇടങ്ങഴി
മൂന്ന് ഇടങ്ങഴി - ഒരു വല്ല
പത്ത് ഇടങ്ങഴി - ഒരു പറ
എണ്ണം
ഒരു ജോഡി - രണ്ടെണ്ണം
ഒരു ഡസൻ - പന്ത്രണ്ട് എണ്ണം
ഒരു ഗ്രോസ് - പന്ത്രണ്ട് ഡസൻ
സമയം
ഒരു നാഴിക - ഇരുപത്തിനാല് മിനിറ്റ്
രണ്ടര നാഴിക - ഒരു മണിക്കൂർ
ഒരു യാമം - മൂന്ന് മണിക്കൂർ
അറുപത് നാഴിക - ഒരു ദിവസം
ഒരാഴ്ച - ഏഴ് ദിവസം
ഒരു പക്ഷം - പതിനഞ്ചു ദിവസം
ഒരു ഋതു - രണ്ടു മാസം
ഒരു അയനം - ആറ് മാസം
രണ്ട് അയനം - ഒരു വർഷം
ദൂരം / നീളം
നെല്ലിട - ഒരു നെന്മനിയുടെ നീളം
എട്ട് നെല്ലിട - ഒരു അംഗുലം
ഇരുപത്തിനാല് അംഗുലം - ഒരു കോൽ
നാല് കോൽ - ഒരു ദണ്ഡ്
എണ്ണൂറ് ദണ്ഡ് - ഒരു നാഴിക
നാല് നാഴിക - ഒരു കാതം
നാല് കാതം - ഒരു യോജന
ഒൻപത് ഇഞ്ച് - ഒരു ചാൺ
രണ്ട് ചാൺ - ഒരു മുഴം
രണ്ട് മുഴം - ഒരു വാര